മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ പൈക്കാട് ഭാഗത്ത് വൈക്കം പാലാ റോഡിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതിനെ തുടർന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാലാ നഗരത്തിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളാണ് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതെന്ന് കണ്ടെത്തുകയുണ്ടായി. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിമൽകുമാറിന്റെ മേൽനോട്ടത്തിൽ ഹരിതകർമ്മ സേനാംഗങ്ങൾ നടത്തിയ പരിശോധനയിലാണ് കുറ്റക്കാരെ കണ്ടെത്തിയത്. തുടർന്ന് ഗ്രാമപഞ്ചായത്ത് ഇരു കക്ഷികൾക്കും നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു.
വൈക്കം പാലാ റോഡിൽ പൈക്കാട് ഭാഗത്ത് ഏകദേശം ഒരു കിലോമീറ്റർ നീളത്തിൽ ഇരുവശവും റബ്ബർ തോട്ടമായതിനാൽ വിജനമായിക്കിടക്കുന്നു. ആയത് മുതലാക്കി സാമൂഹ്യ വിരുദ്ധർ ഈ ഭാഗത്ത് മാലിന്യം തള്ളുന്നത് പതിവാണ്. കുറ്റക്കാരെ കണ്ടെത്തുന്നതിന് പഞ്ചായത്തും പോലീസും പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫിന് ചുറ്റും സാമൂഹ്യവിരുദ്ധർ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യ ചാക്കുകൾ നീക്കം ചെയ്ത് വൃത്തിയാക്കുകയും പൂച്ചെടികൾ നടുകയും ചെയ്തിട്ടുണ്ട്.