മരങ്ങാട്ടുപിള്ളി കാർഷികോത്സവത്തിന് വിഭവ സമാഹരണം പൂർത്തിയായി


 മരങ്ങാട്ടുപിള്ളിയിൽ നടക്കുന്ന കാർഷികോത്സവത്തിനായുള്ള വിഭവ സമാഹരണം പൂർത്തിയായി. ഗ്രാമത്തിലെ കർഷകരും വ്യാപാരികളും നൽകിയ കാർഷിക വിളകളും ഉത്പന്നങ്ങളും സ്വീകരിച്ച് കലവറ നിറച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ വാർഡുകളിൽ നിന്നായി ശേഖരിച്ച വിഭവങ്ങൾ സംഘാടക സമിതി ചെയർമാൻ ഫുഡ് കമ്മിറ്റി ചെയർമാന് കൈമാറി.

സെപ്റ്റംബർ 8 മുതൽ 11 വരെയാണ് കാർഷികോത്സവം നടക്കുന്നത്. ഇതിന്റെ ഭാഗമായി 10-നും 11-നും കാർഷികോത്സവത്തിനെത്തുന്ന എല്ലാവർക്കും ഭക്ഷണം നൽകുന്നതിനുള്ള വിഭവങ്ങളാണ് കലവറയിൽ ശേഖരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജു, പഞ്ചായത്ത് അംഗങ്ങൾ, വിവിധ കമ്മിറ്റി ചെയർമാൻമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിഭവൻ, മൃഗ സംരക്ഷണ വകുപ്പ്, സർവീസ് സഹകരണ ബാങ്ക്, കാർഷിക വികസന സമിതി, ക്ഷീര വികസന വകുപ്പ്, കുടുംബശ്രീ, വായനശാലകൾ, ആർ.പി.എസ്. എന്നിവയുടെ സഹകരണത്തോടെയാണ് കാർഷികോത്സവം സംഘടിപ്പിക്കുന്നത്. കലവറ നിറയ്ക്കലിന് പുറമെ പഞ്ചായത്ത് തല ക്വിസ് മത്സരങ്ങളും ഇതിനോടകം നടന്നു. സെപ്റ്റംബർ 9-ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിവിധ കലാ മത്സരങ്ങളും അരങ്ങേറും.


Previous Post Next Post