ഗ്രാമപഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ ആദ്യ ഘട്ടമായി 100 പേരുടെ അവയവദാന സമ്മത പത്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പലും നെഫ്രോളജി വിഭാഗം തലവനുമായ ഡോ. കെ.പി ജയകുമാറിന് കൈമാറി.
കേരള സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയുമായി സഹകരിച്ച് അവയവദാന സമ്മതപത്രം നൽകുന്ന എല്ലാവരുടെയും വിവരങ്ങൾ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് ഡോണർ കാർഡുകൾ ലഭ്യമാക്കും. അവയവദാനം ചെയ്യുന്ന ആളുടെ കുടുംബത്തിന് മാനസിക പിന്തുണയും സഹായവും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ലഭ്യമാക്കും.
അടുത്ത സാമ്പത്തിക വർഷം സമ്പൂർണ്ണ അവയവദാന വർഷമായി ആചരിച്ച് പ്രത്യേക തുടർ പദ്ധതി നടപ്പിലാക്കും. പ്രചാരണ പ്രവർത്തനങ്ങൾ, ബോധവൽകരണ ക്ലാസുകൾ, പ്രത്യേക ഗ്രാമസഭകൾ എന്നിവയിലൂടെ പദ്ധതിക്ക് പുതിയ ദിശാബോധം നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിക്ക് കോട്ടയം മെഡിക്കൽ കോളേജിന്റെ എല്ലാവിധ പിന്തുണയും ഡോ.ജയകുമാർ വാഗ്ദാനം ചെയ്തു. നമ്മുടെ നാട്ടിൽ അവയവ ദാതാക്കളുടെ ഭീമമായ കുറവ് മൂലം മരണത്തെ മുഖാമുഖം കാണുന്ന ലക്ഷക്കണക്കിന് രോഗികൾ ജീവിതം തിരിച്ച് കിട്ടാൻ അവയവ ദാനം എന്ന നൈപുണ്യ കർമ്മത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് ഡോ. ജയകുമാർ അഭിപ്രായപ്പെട്ടു. നന്മയുള്ള വ്യക്തികൾ മൃതസഞ്ജീവനി പദ്ധതിയുമായി സഹകരിക്കണമെന്നും ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൃതസഞ്ജീവനി പദ്ധതിയുടെ ജില്ലാ കോ-ഓർഡിനേറ്റർ ജിമ്മി, പദ്ധതിയുടെ ലക്ഷ്യത്തെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും അവയവദാതാക്കളുടെ കുറവ് മൂലം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വിശദീകരിച്ചു.
അവയവദാന പദ്ധതിയുടെ പ്രചരണത്തിനായി നടത്തിയ പ്രത്യേക ഗ്രാമസഭയിൽ നിന്നും ലഭിച്ച നല്ല പ്രതികരണങ്ങളാണ് ഈ പദ്ധതി മികച്ച രീതിയിൽ തുടർന്ന് കൊണ്ടുപോകുന്നതിന് പ്രേരണയായതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അറിയിച്ചു.
വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ സമ്പൂർണ്ണ അവയവദാന പദ്ധതി സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയുമായി ചേർന്ന് നടപ്പിലാക്കും.
ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന അവയവദാന സമ്മതപത്രം കൈമാറൽ ചടങ്ങിൽ വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ വി.കെ, സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, ഉഷ രാജു, ജോസഫ് ജോസഫ്, വാർഡ് മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദാ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.