നവംബർ 6, 7 ,8 ,9 തീയതികളിൽ മരങ്ങാട്ടുപിള്ളിയിൽ നടക്കുന്ന കാർഷികോത്സവ് 2024 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൃഷി വകുപ്പ് ,മൃഗസംരക്ഷണ വകുപ്പ് ,കാർഷിക വികസന സമിതി ,മരങ്ങാട്ടുപിള്ളി സർവീസ് സഹകരണബാങ്ക് ,കാർഷിക കൂട്ടായ്മകൾ, കുടുംബശ്രീ, ക്ഷീരവികസന വകുപ്പ്, വായനശാലകൾ ,ആർപിഎസ് എന്നിവയുടെ സഹകരണത്തോടെയാണ് കാർഷികോത്സവ് നടക്കുന്നത്. ഈ കാർഷികോത്സവം നാടിന്റെ ഉത്സവമായി മാറുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബെൽജി ഇമ്മാനുവൽ അറിയിച്ചു.
കാർഷികോത്സവത്തിൻറെ മുഖ്യ വേദി മരങ്ങാട്ടുപള്ളി സെന്റ് ഫ്രാൻസിസ് അസീസി പാരിഷ് ഹാൾ ആണ്. നവംബർ 6, 7 തീയതികളിൽ വിവിധ കലാപരിപാടികൾ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കും. കർഷകർക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വിവിധ മത്സരങ്ങളും ആകർഷകമായ പരിപാടികളും കാർഷികോത്സവത്തിൻറെ ഭാഗമായി നടക്കും. കർഷകർക്കുള്ള അവാർഡ് ദാനം, മുതിർന്ന കർഷകരുടെ സംഗമം, കോട്ടയം ജില്ലാതല കാർഷിക ക്വിസ്, കർഷക സെമിനാർ, വിള മത്സരവും പ്രദർശനവും, വൈവിധ്യമാർന്ന പ്രദർശന വിപണന മേള, വിദ്യാർത്ഥികൾക്കും കർഷകർക്കും ഉള്ള ക്വിസ് മത്സരം, വിവിധ കലാകായിക മത്സരങ്ങൾ തുടങ്ങിയവയും കാർഷികോത്സവത്തിൽ ഉണ്ടാകും. ചേറ്റിലോട്ട മത്സരം, ഞാറനടീൽ മത്സരം എന്നിവ ഈ വർഷത്തെ കാർഷികോത്സവിന്റെ മുഖ്യ ആകർഷണമാണ്. നവംബർ എട്ടാം തീയതി നാടുകന്ന് നിന്ന് ആരംഭിക്കുന്ന വിളംബര റാലിയിൽ ബഹുജന രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. വിളംബര ജാഥ പാരിഷ് ഹാളിൽ എത്തിയശേഷം പതാക ഉയർത്തൽ പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ നിർവഹിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ ജോസ് കെ മാണി എംപി കാർഷികോത്സവത്തിൻറെ ഉദ്ഘാടനം നിർവഹിക്കും.ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. 9ന് നടക്കുന്ന സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. കാർഷിക, രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. നവംബർ എട്ടാം തീയതി പതാക ഉയർത്തലിനുശേഷം വിള പ്രദർശനം, വിവിധ സ്റ്റാളുകളുടെ എക്സിബിഷൻ കൗണ്ടറുകൾ, പ്രദർശന വിപണമേള എന്നിവയും നടക്കും. തുടർന്ന് നടക്കുന്ന കാർഷിക സെമിനാറിൽ സംസ്ഥാനത്തെ മികച്ച കർഷക വിദഗ്ധനായ പ്രമോദ് മാധവൻ ക്ലാസ് നയിക്കും. തുടർന്ന് സംവാദം, സൗജന്യ പച്ചക്കറി തൈ വിതരണം, കർഷകസദ്യ, മുതിർന്ന കർഷകരുടെസംഗമം ,നടത്തമത്സരം, അനുഭവങ്ങൾ പങ്കുവയ്ക്കൽ, ഞാറനടീൽ മത്സരം, വിവിധ വിഭാഗങ്ങളിലായി ചേറ്റിൽ ഓട്ട മത്സരം, സൗഹൃദ വടംവലി മത്സരം തുടർന്ന് നടക്കുന്ന ചലചിത്ര സീരിയൽ താരം ഗായത്രി വർഷ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും.
9ാം തീയതി രാവിലെ 8 മുതൽ കിടാരി മത്സരം,പോത്ത്/എരുമ മത്സരം,നാടൻ പശു മത്സരം എന്നിവ നടക്കും.തുടർന്ന് മൃഗസംരക്ഷണ മേഖലയിൽ വരുമാന വർദ്ധനവ് എന്ന വിഷയത്തിൽ ഡോ.ഷാജു ക്ലാസ് നയിക്കും.