സ്നേഹാരാമം മാലിന്യാരാമമാക്കിയതിന് കനത്ത ശിക്ഷ

 


    മാലിന്യ നിക്ഷേപ ഇടങ്ങള്‍ വീണ്ടെടുത്ത് ആരാമമാക്കുന്ന സ്നേഹാരാമം പദ്ധതിക്ക് തുടക്കം കുറിച്ച സ്ഥലത്ത് പിറ്റേന്ന് തന്നെ മാലിന്യം കൊണ്ടിട്ട ആളെക്കൊണ്ട് നീക്കം ചെയ്യിച്ച് ഗ്രാമപഞ്ചായത്ത്. പാലാ-കോഴ റോഡിൽ പൈക്കാട് ഭാഗത്തുള്ള മിനി എം.സി.എഫ് പരിസരം ഇക്കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിൽ കുര്യനാട് സെന്റ് ആൻസ് ഹൈസ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികളുടെയും ഹരിതകർമ്മ സേനാംഗങ്ങളുടെയും നേതൃത്വത്തിൽ വൃത്തിയാക്കിയിരുന്നു. പരിസരം വൃത്തിയാക്കിയതിന്റെ പിറ്റേന്ന് തന്നെ പൈക്കാട് സ്വദേശി മാലിന്യം നിരവധി ചാക്കുകളിലാക്കി ഇവിടെ നിക്ഷേപിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം മാലിന്യം നിക്ഷേപിച്ച ആളെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിളിച്ച് വരുത്തുകയും മാലിന്യം നീക്കം ചെയ്യുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തു. സന്ധ്യയോടെ മാലിന്യം വലിച്ചറിഞ്ഞ ആള്‍ മാലിന്യം മുഴുവൻ കോരി മാറ്റി പരിസരം വൃത്തിയാക്കി. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ടിയാള്‍ക്ക് എതിരെ നിയമ നടപടികള്‍‍ ആരംഭിച്ചതായി സെക്രട്ടറി അറിയിച്ചു.

Previous Post Next Post